Monday, July 18, 2011

ഗോശു


സുബോധത്തിനും ഭ്രാന്തിനും ഇടയ്ക്കുള്ള നൂല്‍പ്പാലത്തില്‍ വെച്ചാണ്‌ ഞാന്‍ ഗോശുവിനെ പരിചയപ്പെടുന്നത്. അതിസുന്ദരിയായൊരു പെണ്‍കുട്ടിയെ മനസ്സില്‍ ആരാധിച്ചു നടന്നൊരു കാലമുണ്ടായിരുന്നു. സൌന്ദര്യത്തേക്കാള്‍ അവളുടെ സ്വഭാവത്തിലെ വശ്യതയിലാണ് ഞാന്‍ മയങ്ങിപ്പോയത്. ഇവള്‍ തന്നെ എന്‍റെ വാരിയെല്ല്....അവള്‍ ഒരു നസ്രാണി പെങ്കൊച്ച് ആയിരുന്നു. എന്നേക്കാള്‍ പത്ത് വയസ്സ് ഇളപ്പം. അവളുടെ ശബ്ദം അവളറിയാതെ ഞാന്‍ എന്‍റെ മൊബൈല്‍ ഫോണില്‍ റെക്കോര്‍ഡ്‌ ചെയ്തു. ഞാന്‍ ആദ്യമായി അധ്വാനിച്ചു മേടിച്ച ഒരു വസ്തു. മൊബൈലിന്റെ പുതുമയും അവളുടെ സ്വരത്തിന്റെ കുളിരും എന്‍റെ രാവുകളില്‍ നേര്‍ത്ത ചാറ്റല്‍ മഴപോലെ പെയ്തു. ചാറ്റല്‍ മഴയത്ത് എല്ലാം മറന്നു പതിയെ നടന്നവര്‍ക്ക് അതിന്റെ സുഖം അറിയാമല്ലോ.
അങ്ങനെയിരിക്കെ ഒരു നാള്‍, കാര്യവട്ടത്ത് ഞാന്‍ താമസിച്ച ഒരു മെയ്‌ മാസ രാത്രിയില്‍ അവളുടെ ഒരു മിസ്സ്ഡ് കാള്‍. ഹൃദയം പഠ പെടാ മിടിച്ചു. ഞാന്‍ തിരിച്ചു വിളിച്ചു. അന്ന് രാത്രി ഞങ്ങള്‍ പുലര്‍ച്ചെ മൂന്ന് മണിക്കാണ് സംസാരം അവസാനിപ്പിച്ചത്. രാത്രി എട്ടു മണിക്ക് തുടങ്ങിയതാണ്. താങ്ക്സ് ടു ഐഡിയ മൊബൈല്‍. രാത്രി ഫ്രീ ആണ്. സംസാര മദ്ധ്യേ ഒരു പന്ത്രണ്ടര മണിക്ക് ഞാന്‍ എന്‍റെ പ്രണയത്തിന്റെ കൊട്ടാരത്തിന്റെ അടിത്തറ ഇട്ടു. ശിലാഫലകം നാട്ടിയ ഉടന്‍ തന്നെ അവള്‍ പറഞ്ഞു: "ഈ പ്രൊജെക്ടിനു സാന്ക്ഷന്‍ കിട്ടാന്‍ ബുദ്ധിമുട്ടാ". ഇത്രയും പ്രായമുള്ള ആളെ എനിക്ക് വേണ്ട. ഒന്നോ രണ്ടോ വയസ്സിന്റെ വ്യത്യാസമേ എനിക്ക് താല്‍പ്പര്യമുള്ളൂ. ജീവിതത്തില്‍ ഇനിയൊരിക്കലും സംസാരിക്കാനിടയില്ലാത്തതുകൊണ്ടാവും അന്ന് ഞങ്ങള്‍ നേരം പുലരും വരെ സംസാരിച്ചു.
പിറ്റേന്ന് പുലരുമ്പോഴാണ് ഞാന്‍ വീണിരിക്കുന്ന പടുകുഴിയുടെ ആഴം മനസ്സിലായത്. 
ഒരിക്കല്‍ പോലും തുറന്നു പറയാതെ ഞാന്‍ ഞാന്‍ എന്‍റെ മനസ്സ് കയ്യേറി ഉണ്ടാക്കിയ വന്‍ സൌധങ്ങള്‍ പൊടിപോലും അവശേഷിക്കാതെ തകര്‍ത്തിരിക്കുന്നു. ഇന്നലെ വരെ പ്രതീക്ഷ ഉണ്ടായിരുന്നു. ഇന്ന് ഇല്ല. അവള്‍ ഇനിയൊരിക്കലും വരില്ല.
കണ്ണാടി എടുത്തു നോക്കി. കൂര്‍ത്ത മൂക്ക് കാരണമാണോ?? അതോ ഉന്തിയ പല്ലാണോ? ഹിന്ദു ആയതാണോ? എന്തായാലും സ്നേഹത്തിന്റെ ആഴവും പരപ്പും അവള്‍ക്കു വല്യ വിഷയമല്ലെന്നു മാത്രം മനസ്സിലായി.
പിന്നീടു മൂന്നു ദിവസം ഭക്ഷണം കഴിക്കാനായില്ല. അവള്‍ നന്നായി ഭക്ഷണം കഴിക്കുന്നുണ്ടാവുമോ?
ഉറങ്ങാന്‍ പറ്റുന്നില്ല. അവള്‍ ഉറങ്ങുകയായിരിക്കുമോ? കണ്ണുനീര്‍ നിശബ്ദമായി ഒഴുകി.
ദിവസങ്ങള്‍..മാസങ്ങള്‍...സുബോധത്തിനും ഭ്രാന്തിനും ഇടയില്‍...
ഈ നാളുകളിലാണ്‌ ഗോശു കടന്നു വരുന്നത്.
പ്രസവിച്ച അമ്മ ഉപേക്ഷിച്ച ഒരു പൂച്ചക്കുഞ്ഞ്. അമ്മയെ പട്ടികള്‍ പിടിച്ചതാണെന്ന് തോന്നുന്നു. രണ്ടോ മൂന്നോ ദിവസം പോലും പ്രായമില്ലാത്ത അതിനെ ആരോ എന്‍റെ മുറിയുടെ മുന്നില്‍ കൊണ്ടിട്ടതാണ്. ജീവിതത്തില്‍ എന്നെ ഇത്രയേറെ സ്നേഹിച്ച ഏക വ്യക്തി ഗോശു എന്ന ഈ അനാഥ പൂച്ചക്കുട്ടി ആണ്. അതെപ്പോഴും എന്റെയരികില്‍ കാണും. ഞാനുറങ്ങുമ്പോള്‍ എന്‍റെ കട്ടിലിനടിയില്‍ ഉറങ്ങും.
പുറമ്പോക്ക് ജന്മം ആയതിനാല്‍ അതിന്റെ അവസ്ഥ എനിക്കും, എന്‍റെ അവസ്ഥ അതിനും തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നു. ചെറുപ്പത്തില്‍ ഒരുപാട് പൂച്ചകളെ ഞാന്‍ കല്ലെറിഞ്ഞു വേദനിപ്പിച്ചിട്ടുണ്ട്. ആ കല്ലുകള്‍ തറച്ചു കയറുന്നത് എന്‍റെ ഹൃദയത്തിലേക്ക് തന്നെയെന്നു ഞാന്‍ അറിയുന്നു.
രണ്ട് അനാഥര്‍ ഒരുമിച്ചു ജീവിച്ചത് രണ്ടാഴ്ച മാത്രമാണ്. ദൈവത്തിന്റെ വികൃതികള്‍. ഒരത്യാവിശ്യത്തിനു എനിക്ക് കണ്ണൂര്‍ക്ക്‌ വരേണ്ടി വന്നു. തലശ്ശേരി ആണല്ലോ വീട്. മനസ്സില്‍ ഗോശു അനുഭവിക്കുന്ന ഏകാന്തത മാത്രമായിരുന്നു. എത്രയും വേഗം മടങ്ങണം.
ഒരാഴ്ച കഴിഞ്ഞു ഞാന്‍ തിരിച്ചു വന്നപ്പോള്‍ ഗോശു ഇല്ല. പട്ടികള്‍ അതിനെ കൊന്നു തിന്നു. കഴുത്തില്‍ കൂര്‍ത്ത പല്ലുകള്‍ അമരുമ്പോള്‍ എന്‍റെ ഗോശു എന്നെ ഓര്‍ത്തു കാണും. എന്‍റെ ഏകാന്തതയുടെ ആഴം അറിയാമായിരുന്ന ഒരേ ഒരാള്‍ ഗോശു മാത്രമായിരുന്നല്ലോ.
ഇന്ന് ഈ രാത്രിയില്‍ എന്‍റെ അരികില്‍ മറ്റൊരു അഭയാര്‍ഥി പൂച്ച കിടന്നുറങ്ങുന്നുണ്ട്‌. വിശറി എന്ന് ഞാന്‍ വിളിക്കുന്ന മറ്റൊരു അനാഥന്‍.പുറമ്പോക്ക്. അവന്‍ സ്വപ്നം കാണുകയാവും. അവന്റെ അമ്മ തിരിച്ചു വരുന്ന നാളുകളെ പറ്റി.

5 comments:

ആദൃതന്‍ | Aadruthan said...

ഒന്നര വര്ഷം മുന്‍പത്തെ കാര്യം. എന്തിനു ഞാന്‍ ഇപ്പൊ ഓര്‍ത്തു?

ഋതുസഞ്ജന said...

ഇനിയും ഓർമ്മകൾ പെറുക്കി ഒരുപാട് എഴുതൂ.. ആശംസകൾ

josh said...

reality bites!!

josh said...

i can feel the pain da..

മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. said...

ഇഷ്ട്ടായി..