Sunday, July 3, 2011

ഇളം കാഴ്ച

രാവിലെ ഉണര്‍ന്നു. കുളിക്കാന്‍ നേരത്താണ് കണ്ടത് . സോപ്പ് തീര്‍ന്നിരിക്കുന്നു. "ഛെ.. സോപ്പ് ഇല്ലാതെ എങ്ങനെയാ കുളിക്കുക? എന്താ അമ്മെ ....ഇതൊക്കെ നേരത്തെ പറയണ്ടേ... ഞാന്‍ പോയി വാങ്ങി വരില്ലേ... ഇനിയിപ്പോ ഓഫീസില്‍ പോകാനും സമയമായല്ലോ... "
വെറും വെള്ളത്തില്‍ ഒരു ചകിരി സ്നാനം പാസ്സാക്കി നേരെ ഓഫീസിലേക്ക്...
ബസില്‍ ഇരിക്കുംപോഴേ ഒരു കൊണ്ഫിടെന്‍സ് കുറവ്..
നല്ല ഫസ്റ്റ് ക്ലാസ്സ്‌ സ്പ്രേ പൂശിയിട്ടുണ്ട്... മറ്റുള്ളവരെ പറ്റിക്കാം....അവനവന്റെ മനസ്സാക്ഷിയെ പറ്റിക്കാനാണ് വിഷമം. 
ഓഫീസില്‍ മറ്റുള്ളവരോട് സംസാരിക്കാനും ഭയങ്കര മടി.. സുഷമയുടെ ഭാഗത്തേക്ക് നോക്കിയത് പോലുമില്ല. ഇതുവരെ ഉണ്ടാക്കിയ ഇമ്പ്രെഷന്‍ കളയണ്ട.
ഹോ... അഞ്ചു മണിയായിക്കിട്ടി... രക്ഷപ്പെടട്ടെ...
ഒരു കുറ്റവാളിയെ പോലെ തലകുനിച്ചു ബസ്സില്‍ കയറിയിരുന്നു.
ജാലകത്തിലൂടെ ഞാനൊരു പെണ്‍കുട്ടിയെ കണ്ടു. ആറോ ഏഴോ വയസ്സ് കാണും. ഗുജറാത്തിയോ രാജസ്ഥാനിയോ ആണ്. തലശ്ശേരി ബസ്‌ സ്റ്റാന്‍ഡില്‍ അവളെ സ്ഥിരം കാണാറുണ്ട്. മൂക്കില്‍ മൂന്ന് മറുകുകള്‍ .. പച്ച കുത്തിയതാണോ? പലപ്പോഴും ചില്ലറകള്‍ കൊടുത്തിട്ടുമുണ്ട്...
ഇന്ന് പക്ഷെ അവള്‍ സ്ടാന്ടിന്റെ ഓരത്താണ്... അവിടെ ഇരിക്കുകയാണ്.. കുറച്ചു ചെളിവെള്ളം കെട്ടിക്കിടപ്പുണ്ട്... തുപ്പലും മൂത്രവും നിറയുന്ന സ്ഥലം. ആ വെള്ളത്തില്‍ അവളുടെ പ്രതിബിംബം നോക്കുകയാണ്. അയ്യോ...അവള്‍ ആ ചെളിവെള്ളത്തില്‍ കൈ കഴുകുകയാണ്.. ഛെ... 
ഇടയ്ക്ക് എന്തോ കുറവ് തോന്നിയിട്ടെന്ന പോലെ അവള്‍ അവിടത്തെ ചെളി കൈയില്‍ വാരിയെടുത്തു...
രണ്ടു കൈകള്‍ തമ്മില്‍ ഉരച്ചു കഴുകാന്‍ തുടങ്ങി... ഈശ്വര.. അതാണോ അവളുടെ സോപ്പ്??
ഒടുവില്‍ അവള്‍ ചെളിയെല്ലാം ആ വൃത്തികെട്ട വെള്ളത്തില്‍ കഴുകി സ്വന്തം കൈകളില്‍ നോക്കി പുഞ്ചിരിച്ചു. 
ഇക്കാലമത്രയും സോപ്പിട്ട്   കുളിച്ചിട്ടും അങ്ങനെയൊരു ചിരി ചിരിക്കാന്‍ ഇതേവരെ എനിക്ക് കഴിഞ്ഞിട്ടില്ല.

5 comments:

മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. said...

അതെ ഭായ് ..
എത്ര സോപ്പിട്ടാലും,ഇസ്തിരിയിട്ടാലുമൊന്ന് നമുക്കിത്തരം ചിരികൾ ,നമ്മുടെ ഉള്ളിൽ നിന്നും വരികയില്ല അല്ലേ

ആദൃതന്‍ | Aadruthan said...

നന്ദി മുരളി സര്‍, ബിലാത്തിയില്‍ സുഖം തന്നെയല്ലേ?

ആദൃതന്‍ | Aadruthan said...

പ്രിയ സുഹൃത്തുക്കളെ...
നീണ്ട നാളത്തെ ഇടവേളയ്ക്കു ശേഷം ഞാന്‍ ബ്ലോഗില്‍ തിരിച്ചെത്തി. എന്താണെന്നറിയില്ല വളരെ ചുരുക്കി മാത്രമേ എഴുതാന്‍ പറ്റുന്നുള്ളൂ. ഇതുവരെ നിങ്ങള്‍ നല്‍കിയ അകമഴിഞ്ഞ പ്രോത്സാഹനം തുടര്‍ന്നും ഉണ്ടാവുമല്ലോ.

മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. said...

ഈ ആഴ്ച്ചയിലെ ബിലാത്തി മലയാളിയുടെ വരാന്ത്യത്തിൽ ഈ കഥയുടെ ലിങ്ക് ഞങ്ങൾ ചേർത്തിട്ടുണ്ട് കേട്ടൊ ഭായ്

https://sites.google.com/site/bilathi/vaarandhyam

josh said...

The best yet to come.. we all are waiting jithu :-)