Tuesday, November 16, 2010

പ്രൊഫസര്‍ രാമന്‍കുട്ടി സാറിന്റെ അറ്റംട്ടുകള്‍ !പ്രൊഫസര്‍ രാമന്‍കുട്ടി സാര്‍ വിരമിക്കാന്‍ ഇനി കഷ്ടിച്ചു മൂന്നു മാസമേയുള്ളൂ. മാര്‍ച്ച്‌ മുപ്പത്തൊന്നാം നാള്‍ സര്‍വീസ് രെജിസ്റ്ററില്‍ തന്റെ ചിത ഒരുങ്ങും. മുപ്പത്തഞ്ചു  വര്‍ഷങ്ങള്‍ നീണ്ട അദ്ധ്യാപന ജീവിതത്തില്‍ താന്‍ പഠിപ്പിച്ചിട്ടില്ലാത്ത കോളേജുകള്‍ ഇല്ല. വിക്ടോറിയയും മഹാരാജാസും യുനിവേര്സിടി കോളേജും ബ്രെണ്ണന്‍ കോളേജും അതില്‍ ചിലത് മാത്രം.
ആയിരത്തി എണ്ണൂറ്റി അറുപത്തഞ്ചു ശിഷ്യഗണങ്ങള്‍...

ആശാനും ഉള്ളൂരും കുഞ്ഞിരാമന്‍ നായരും തൊട്ടു ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ വരെ കവിതകള്‍   എണ്ണൂറ്റിയൊന്നു തവണ ഹൃദിസ്ഥമാക്കി പഠിപ്പിച്ചു. അതും പോരാഞ്ഞ് സ്വന്തമായി അറുപത്തിരണ്ടു കവിതകളും എഴുതി. അവ രണ്ടു പുസ്തകങ്ങളാക്കി സീ ഡീ ബുക്സ് പ്രസിദ്ധീകരിച്ചു.
സര്‍ഗ സദസ്സുകളില്‍ കവിത അവതരിപ്പിച്ചു. ഈ സര്‍ഗ സദസ്സെന്ന് പറഞ്ഞാല്‍ എട്ടു പേര് കാണും. പുസ്തക കടയിലെ ബിനോയി, പപ്പു മാഷ്‌, പഴയ സ്കൂളിലെ പരമു നായര്‍, സില്‍ബന്തി ഇസ്മായില്‍, പഴയ ബാര്‍ബര്‍ ജോസപ്പ്, ഇങ്ങനെ പ്രത്യേകിച്ചു പണിയൊന്നുമില്ലാതെ സായാഹ്നങ്ങള്‍ ആസ്വദിക്കുന്നവര്‍.
എല്ലാവര്ക്കും പ്രൊഫസര്‍ രാമന്‍കുട്ടി സാറിനെ വലിയ കാര്യമാണ്. ഓരോ കവിത ചൊല്ലി തീരുമ്പോഴും അവര്‍ നിര്‍ത്താതെ കയ്യടിക്കും, ഭലേ ഭേഷ് എന്ന് പറഞ്ഞു പ്രോത്സാഹിപ്പിക്കും. പക്ഷെ ഈ കയ്യടിയുടെയും ഭേഷിന്റെയും പ്രഭവസ്ഥാനം പിറകെ വരുന്ന മുട്ട പപ്സും  ചായയുമാണെന്ന് വൈകാതെ രാമന്‍കുട്ടി സാര്‍ മനസ്സിലാക്കി.

തനിക്കു മുന്നേ ഇവിടെ പഠിപ്പിച്ച  ഓ.എന്‍.വി കുറുപ്പിന് ജ്ഞാനപീഠം. ലീലാവതി ടീച്ചര്‍ക്ക് എഴുത്തച്ച്ചന്‍ പുരസ്കാരം. തനിക്കു മാത്രം പറയാന്‍, വിറ്റഴിയാതെ കെട്ടിക്കിടക്കുന്ന രണ്ടു കവിതാ പുസ്തകങ്ങള്‍.- "രജനി"യും "രക്തം മുറ്റിയ കവിതകളും". കുമാരനാശാന്റെ "നളിനി" വായിച്ചു ഹരം പൂണ്ടാണ്‌ "രജനി " എഴുതി തീര്‍ത്തത്. അതൊന്നു സീ ഡീ ബുക്സിനെ കൊണ്ട് പ്രസിദ്ധീകരിപ്പിക്കാന്‍ പെട്ട പാട്! അവര്‍ക്ക് ഇത്തരം കവിതയൊന്നും വേണ്ട, മാര്‍ക്കറ്റ്‌ ഇല്ല എന്നൊക്കെ.. അവസാനം പത്തരുപതിനായിരം രൂപാ സ്വന്തം കയ്യില്‍നിന്നു ചെലവാക്കി അത് പുറത്തിറക്കി. പിന്നൊരിക്കല്‍ ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ കവിതകള്‍ വായിച്ച ലഹരിയിലാണ് "രക്തം മുറ്റിയ കവിതകള്‍" എഴുതി പ്രസിദ്ധീകരിപ്പിച്ച്ച്ചത്. അതിനു എഴുപത്തയ്യായിരം ചെലവായി.


വിചാരിച്ചപോലെ പുസ്തകങ്ങള്‍ രണ്ടും വിറ്റുപോയില്ല എന്നുമാത്രമല്ല, വിചാരിക്കാത്ത പോലെ  ഇവിടെ കെട്ടി കിടന്നു ചിതലരിക്കാനും തുടങ്ങിയപ്പോഴാണ് കാണാന്‍ വരുന്ന ശിഷ്യര്‍ക്കൊക്കെ കവിതാപുസ്തകം "ഓതെര്‍സ് കോപ്പി" എന്ന സീലും വെച്ച് പടവലങ്ങ വലിപ്പത്തില്‍ ഒരു ഒപ്പും ചാര്‍ത്തി, വിശാലമാനസ്കനെന്ന ഭാവേന വിതരണം ചെയ്തു തുടങ്ങിയത്.


ആയിടയ്ക്ക് മുനിസിപ്പല്‍  ബസ്‌ സ്ടാണ്ടിലെ തെണ്ടിച്ചി പശുക്കള്‍ ചവച്ചു തിന്നുന്നത് തന്റെ പുസ്തകമല്ലേ എന്ന് രാമന്‍കുട്ടി സാറിനു തോന്നി. പശുക്കളുടെ പിന്നാലെ ഒരു ഗംഭീര ചയ്സ് നടത്തിയാണ് അവറ്റകളുടെ വായില്‍ നിന്ന് രജനിയുടെ ഒരു കോപ്പി വലിച്ച് പുറത്തെടുത്തത്. ദേഷ്യത്തോടെ തുറന്നു നോക്കിയപ്പോ ഇങ്ങനെ കണ്ടു,"അരുമ ശിഷ്യന്‍ വിസ്മേഷിനു....സ്വന്തം രാമന്‍കുട്ടി സാര്‍".
"എടാ വിസ്മേഷേ, നീ ഒരു കാലത്തും നന്നാവില്ലെടാ..നിന്റെ ആസനത്തില്‍ ശൂലം തറയ്ക്കട്ടെ " എന്നൊരു നെടുനീളന്‍ ശാപവും കാച്ചി.
അന്നത്തോടെ പുസ്തക വിതരണം അവസാനിപ്പിച്ചു.


റിട്ടയര്‍ ചെയ്യാന്‍ ഇനി തൊണ്ണൂറു ദിവസങ്ങള്‍ മാത്രമേയുള്ളൂ. എന്തെങ്കിലും ചെയ്തു ശ്രദ്ധേയനാവണം എന്നൊരു ചിന്ത മനസ്സില്‍ വന്നുകൂടിയിട്ടു രണ്ടു ദിവസമേ ആയിട്ടുള്ളൂ. എന്തെങ്കിലും ഒരു പ്രക്ഷോഭത്തിന് നേതൃത്വം കൊടുക്കണം. അങ്ങനെയാണ് കാസര്‍ക്കൊട്ടെക്ക് വെച്ച് പിടിച്ചത്. എന്‍ഡോ സള്‍ഫാന്‍ ആണല്ലോ താരം. കേന്ദ്ര മന്ത്രിയെ വിമര്‍ശിക്കണം. ശബ്ദ താരാവലി വായിച്ചു നോക്കി പത്തു മുപ്പത്തിരണ്ട് യമണ്ടന്‍ വാക്കുകള്‍ ഹൃദിസ്ഥമാക്കിയാണ് പോയത്.
ചെന്നപ്പോഴാണ്, തന്നെക്കാള്‍ പോന്ന സൈസ്  ഗഡികള്‍ വേദിയില്‍ നിരന്നിരിക്കുന്നു. ശബ്ദ താരാവലി അരച്ചുകുടിച്ച ശേഷം, ഒക്സ്ഫോര്‍ഡും തെസോറസും ചര്‍ദിക്കുന്ന കാഴ്ച കണ്ടു വാ പൊളിച്ചിരുന്നു പ്രൊഫസര്‍ രാമന്‍കുട്ടി സാര്‍!


വൈകിട്ട് വീട്ടിലെത്തിയപ്പോഴാണ് ഭാര്യ മേടിച്ചുവെച്ച സ്പീഡ് പോസ്റ്റ്‌ കവര്‍ കണ്ടത്. കേരള യുനിവേര്സിടിക്ക്  ബിരുദ പരീക്ഷാ ചോദ്യപേപ്പര്‍ തയാറാക്കണം. ഉടന്‍, രാമന്കുട്ടിസാരിന്റെ മസ്തിഷ്കത്തില്‍ ഒരു നൂറ്റിപ്പത്തിന്റെ ബള്‍ബ്‌ മിന്നി! അതിന്റെ വെട്ടത്തില്‍ സാര്‍ വായിച്ചു."മുഹമ്മദ്‌...പടച്ചോന്‍...നായിന്റ  മോന്‍ ...കൈപ്പത്തി വെട്ടു...സസ്പെന്‍ഷന്‍...ഡിസ്മിസ്സല്‍.."
പിന്നീടൊരു ഒന്നൊന്നര മണിക്കൂര്‍ കൊണ്ട് ചോദ്യപേപ്പര്‍ റെടി!... മുറ്റ്!! കിടിലന്‍!!! രാമന്കുട്ടിസാര്‍  മനസ്സില്‍ പറഞ്ഞു.
അടുത്ത ദിവസങ്ങളില്‍ കേരളവും മലയാളികളും തന്നെ കുറിച്ചു, തന്റെ ചോദ്യങ്ങളെ കുറിച്ചു മാത്രമേ സംസാരിക്കൂ.
വികേഷ് കുമാര്‍ തന്നെ ഇന്റര്‍വ്യൂ ചെയ്യും.
ജോസ് ബ്രിട്ടൂസ് തന്നെ ഇന്റര്‍വ്യൂ ചെയ്യും.
കേരളം മുഴുവന്‍ ... താന്‍ നിറയും... താന്‍ താന്‍ താന്‍.
വാര്‍ത്തകളില്‍ നിറയുന്ന പ്രൊഫസര്‍ രാമന്‍കുട്ടി സാര്‍...
പിറ്റേന്ന് രാവിലെ തന്നെ സ്പീഡ് പോസ്റ്റ്‌ അയച്ചു. ഇതുവരെ ഒരു ചോദ്യ പേപ്പറും സമയത്ത് താന്‍ അയച്ചിട്ടില്ല.


ആകാംക്ഷയുടെ അറുപതു ദിനരാത്രങ്ങള്‍ സെക്കണ്ട്- സെക്കണ്ടുകളായി പ്രൊഫസര്‍ രാമന്‍കുട്ടി സാര്‍ എണ്ണി തീര്‍ത്തു. അറുപത്തൊന്നാം ദിനം, അതായതു തന്റെ ചോദ്യത്തിന്റെ പരീക്ഷയുള്ള ദിനം, രാവിലെ തന്നെ കുളിച്ചു പതിവില്ലാത്തത്ര കളഭം പൂശി അമ്പലത്തിലേക്ക് പോയി. ഗയ്റ്റിനു അരികെ കുറെയധികം സമയം ചെലവഴിച്ചു.
ഒരു പക്ഷെ ഇപ്പോള്‍ അവര്‍ എത്തും.. ഒരു വെള്ള ഓംനി വാനില്‍... തന്റെ കൈപ്പത്തി വെട്ടിയെടുക്കും..
ഒരര മണിക്കൂര്‍ കഴിഞ്ഞുകാണും, ആരെയും കാണാതെ രാമന്‍കുട്ടി സാര്‍ അടുത്ത ചായപ്പീടികയില്‍ കയറി. നല്ല വിശപ്പുണ്ട്. ഇപ്പോ കൈ വെട്ടിയാല്‍ ശരിയാവില്ല. മാഷ് തലയിലൂടെ ഒരു ടവല്‍ ചുറ്റി. വേണ്ടുവോളം പുട്ടും പൊറോട്ടയും കഴിച്ചു പുറത്തിറങ്ങി. എന്നിറ്റ് ഒരൊന്നൊന്നര മണിക്കൂര്‍ ടൌണിലൂടെ സാവധാനം, ആര്‍ക്കും കൈപ്പത്തി വെട്ടാന്‍ പാകത്തില്‍ നടന്നു...
അവസാനം നട്ടുച്ച ആയി.
തലയില്‍ വീണ്ടും ടവല്‍ എടുത്തിട്ട്, പാരിസ് ഹോട്ടലില്‍ കയറി മുട്ട ബിരിയാണിയും പൊരിച്ച അയക്കൂറയും കഴിച്ചു. എന്നിട്ട് വീണ്ടും പുറത്തിറങ്ങി. ആര് വേണമെങ്കിലും കൈപ്പത്തി വെട്ടിക്കോ എന്ന മട്ടില്‍.
ഒടുവില്‍ സന്ധ്യയും വന്നെത്തി.
വെട്ടാന്‍ ഒരാളും വന്നില്ല. തന്നെ ആളുകള്‍ ഇത്രയേറെ ബഹുമാനിക്കുന്നു. ഹോ!
ഒടുവില്‍ പ്രൊഫസര്‍ രാമന്‍കുട്ടി സാര്‍ വീട്ടില്‍ മടങ്ങിയെത്തി.
ദേ കിടക്കുന്നു അടുത്ത സ്പീഡ് പോസ്റ്റ്‌!
"പ്രൊഫസര്‍ രാമന്‍കുട്ടി, താങ്കളുടെ ചോദ്യങ്ങള്‍ സ്വീകരിക്കാന്‍ നിര്‍വ്വാഹമില്ല... എന്ന് സ്വന്തം യൂനിവേര്‍സിറ്റി."
വിരമിക്കാന്‍ ഇനി ഇരുപതോമ്പത് ദിവസമേ ഉള്ളൂ. ഉത്തരം കിട്ടാത്ത ചോദ്യങ്ങളുമായി പ്രൊഫസര്‍ രാമന്‍കുട്ടി സാര്‍ അടുത്ത തന്ത്രത്തിനായുള്ള ചിന്തയില്‍ മുഴുകി. .
18 comments:

ചിന്നവീടര്‍ said...

പ്രൊഫസര്‍ രാമന്‍കുട്ടി സാര്‍, താങ്കളുടെ തന്ത്രങ്ങള്‍ ഒന്നും വിലപ്പോയില്ലെങ്കിലും, ആത്മകഥയില്‍ രക്ഷപെടും!!!

ആദൃതന്‍ said...

കഥ പോസ്റ്റ്‌ ചെയ്ത അടുത്ത സെക്കണ്ടില്‍ വായിച്ചു അഭിപ്രായം അറിയിച്ച താങ്കള്‍ക്ക് പ്രൊഫസര്‍ രാമന്‍ കുട്ടി സാറിന്റെ പ്രത്യേക നന്ദി ചിന്നവീടര്‍ !

josh said...

nice reading :-)

ആദൃതന്‍ said...

Thank you josh..

ആദൃതന്‍ said...

ചിലരൊക്കെ പറഞ്ഞു.. എന്‍റെ കഥകളില്‍ വല്ലാത്തൊരു ദുഃഖം തളം കെട്ടി നില്‍ക്കുന്നെന്ന്.
ആ പരിഭവം മാറ്റാനാണ് ഇങ്ങനെ ഒരു സോഫ്റ്റ്‌ കഥ. ചിരിക്കാനിഷ്ടപ്പെടുന്ന ഹൃദയങ്ങള്‍ക്ക്‌ ഈ കഥ സമര്‍പ്പിക്കുന്നു.

പട്ടേപ്പാടം റാംജി said...

പുതിയ തന്ത്രങ്ങളോടെ രാമങ്കുട്ടി സാര്‍...
ആശംസകള്‍

ആദൃതന്‍ said...

നന്ദി റാംജീ...

ഹംസ said...

പാവം രാമന്‍കുട്ടി സാര്‍ ഒരു വിവാദമുണ്ടാക്കി രക്ഷപ്പെടാമെന്നു കരുതിയാലും ഈ യൂനിവേര്‍സിറ്റിക്കാരു സമ്മതിക്കില്ലാ എങ്കില്‍ എന്താ ചെയ്യാ,,,, പുതിയ തന്ത്രം ഉടന്‍ മെനയാം നമുക്ക് രാമന്‍കുട്ടി സാറെ..

ആദൃതന്‍ said...

നന്ദി ഹംസ മാഷെ

jayarajmurukkumpuzha said...

valare nannayittundu... aashamsakal.................

ആദൃതന്‍ said...

thank you jayaraj murukkumpuzha

സുജിത് കയ്യൂര്‍ said...

Ramankuti sare,nannayi ellavareyum kayyileduthaanu pokunnath alle.iniyum varaam keto.

ആദൃതന്‍ said...

Thank you Sujith Kayyoor.

ശ്രീ said...

കൊള്ളാം

ആദൃതന്‍ said...

Thank you Sree..

മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. said...

ഈ നർമ്മത്തിന്റെ ഭാവനയിലൂടെ നാട്ടിലെ ഒട്ടുമിക്ക ബുദ്ധിജീവികളുടേയും മർമ്മത്തിൽ ഒരു ക്ലിപ്പിട്ടു...അല്ലേ ഗെഡീ
കൊള്ളാ‍ാം...കേട്ടൊ

രമേശ്‌അരൂര്‍ said...

രാമന്‍ കുട്ടി സാര്‍ കൊള്ളാം

Anonymous said...

നിങ്ങളുടെ ബ്ലോഗ്‌ ഈ ഫോറം ഉപയോഗിച്ച് കൂടുതല്‍ ജനപ്രിയമാക്കാന്‍ ശ്രമിക്കൂ
മലയാളത്തിലെ മികച്ച ബ്ലോഗ്‌ ചര്‍ച്ച ഫോറം
http://bloggersworld.forumotion.in/