Saturday, November 27, 2010

കണക്കു പുസ്തകത്തിന്റെ പുറംചട്ട

ഇനിയുമുണ്ട് അഞ്ചു മണിക്കൂറുകള്‍.........
പതിനൊന്നേ നാല്പതിനാണ് മലബാര്‍ എക്സ്പ്രസ്സ്‌.. അതുവരെ എറണാകുളം നോര്‍ത്തിലെ ഈ പ്ലാട്ഫോമില്‍ വല്ല പുസ്തകവും വായിച്ചിരിക്കാം... ആകെക്കൂടി അറിയാവുന്നത് വായനയും വായനോട്ടവും മാത്രമാണല്ലോ.
തീവണ്ടികള്‍ തെക്ക് വടക്ക് വന്നും പോയുമിരുന്നു... തിങ്ങി നിറഞ്ഞ കമ്പാര്ടുമെന്റുകള്‍... ഈച്ചയാര്‍ക്കുന്ന പഴത്തൊലി പോലെ...
ദൂരെ നിന്നേ രഞ്ജി അവരെ ശ്രദ്ധിച്ചു.
അവരെയെന്നല്ല, അതുവഴിപോയ എല്ലാ ഋതുമതികളെയും വളരെ നേരമായി ആര്‍ത്തിയോടെ നോക്കുകയാണ് അയാള്‍. പക്ഷെ അവരാരും രണ്ജിയെ ശ്രദ്ധിച്ചില്ല. എത്രയെത്ര വായ്നോക്കികളെ കണ്ടു തൊലി തഴംപിച്ചവരായിരിക്കണം!
പച്ച നിറമുള്ള സാരിയില്‍ വെള്ള പൂക്കള്‍.. ചെറിയൊരു ബാഗ്‌ മാത്രം കൈയ്യില്‍...കൂടെ ഒരു പയ്യനുണ്ട്..രണ്ടാം ക്ലാസ്സിലോ മറ്റോ ആവും.. പയ്യനെയൊക്കെ ആര് ശ്രദ്ധിക്കുന്നു! സുന്ദരിയായ അവന്റെ അമ്മയുടെ വടിവുകള്‍ സ്നാപ് സ്നാപ് ആക്കി തലച്ചോറിന്റെ മരിയാന ട്രെഞ്ചില്‍ സൂക്ഷിക്കാനുള്ളതാണ്!! നിമിഷങ്ങള്‍ക്കകം അവര്‍ തന്നെ കടന്നു പോകും! നോ ടൈം ടു  വേസ്റ്റ്!
വല്ല ക്ഷേത്രത്തിലും ഒരു നൂറു ശയന പ്രദക്ഷിണം നടത്താം... അവര്‍ തന്റെ മുന്നില്‍ എവിടെങ്കിലും ഇരുന്നു കിട്ടിയാ മതി! അഞ്ചു മണിക്കൂറുകള്‍ അഞ്ചു നിമിഷങ്ങളായി പരിണമിക്കും!
ഓ ദൈവമേ!
ജീവിതത്തില്‍ ദൈവത്തിനെ സ്തുതിച്ചു പോകുന്ന അപൂര്‍വ്വം ഒക്കേഷന്‍സ്! അവര്‍ തന്റെ രണ്ടു നിര മുന്നിലായി ഇരുന്നു!!!
കൂടെ ആ പയ്യനും... പോടേ പയ്യന്‍സേ ...
ഹൊ! അവരുടെ കഴുത്ത്! കടഞ്ഞെടുത്തത് തന്നെ! അരക്കെട്ടിന്റെ വടിവുകള്‍! ലോകം ചുരുങ്ങി ചുരുങ്ങി നിമിഷങ്ങള്‍ക്കകം അവരുടെ പിറകു വശം മാത്രമായി തീര്‍ന്നു!!!
ഇടയ്ക്കെപ്പോഴാണ് ഈ നശിച്ച വൃദ്ധന്‍ കടന്നു വന്നത്???
കറുത്തൊരു ബാഗും കയ്യിലൊരു കാലന്‍ കുടയും...നരച്ചു തടിച്ച പടുകിളവന്‍... പച്ചനിറം പുതച്ച അരക്കെട്ടിനെ കിളവന്റെ കുടവയര്‍ മറച്ചല്ലോ!പയ്യനെ മാത്രം ഇപ്പൊ കാണാം.
വൃദ്ധന്റെ തലയില്‍ ഒരിടിത്തീവീണിരുന്നെങ്കില്‍ നൂറു ശയനപ്രദക്ഷിണം ചെയ്യാം ഭഗവാനെ!
ഒരിടിത്തീയും വീണില്ല.!!! തലങ്ങും വിലങ്ങും പായുന്ന ആള്‍ക്കൂട്ടത്തില്‍ തനിച്ചായത്‌ പോലെ രണ്ജിക്ക് തോന്നി. ഗുവഹടി എക്സ്പ്രസ്സ്‌ ഒന്നാം പ്ലാട്ഫോമില്‍ വന്നു നിന്നു... കുറെയേറെ ഉത്തരേന്ത്യന്‍ തൊഴിലാളികള്‍ ഇരമ്പിക്കയറി. ജനറല്‍ കമ്പാര്‍ട്ട് മെന്റ് പൊട്ടിത്തെറിക്കാ നായിട്ടുണ്ട്‌! എന്നിട്ടും ആളുകള്‍ തല്ലിയും തള്ളിയിട്ടും കയറുന്നു.... എ സീ റിസര്‍വേഷന്‍ ഉള്ള ഉത്തരേന്ത്യന്‍ സുന്ദരികളും അവരുടെ ചുവന്ന ചുണ്ടുകളുള്ള ആപ്പിള്‍ കാമുകന്മാരും ഈ രംഗങ്ങള്‍ കാമറയില്‍ പകര്തുന്നുണ്ട്! ചിലപ്പോഴൊക്കെ പൊട്ടിച്ച്ചിരിക്കുന്നുമുണ്ട്!! ആറടി ഉയരക്കാരനായൊരു കാമുകന്‍ കാമുകിക്ക് വേണ്ടി ഒരു തൂണില്‍ അള്ളിപ്പിടിച്ചു കയറി പടമെടുത്തു കൊടുക്കുന്നു... പ്രണയം തിളങ്ങുന്ന കണ്ണുകളോടെ തുള്ളിച്ചാടി അവള്‍ പറയുന്നു "ഖീച്ചോ... ഓര്‍ ഖീച്ചോ..."........
പെട്ടെന്ന്!!!!!!!
വൃദ്ധന്‍ എണീറ്റ്‌ നിന്നു....
ഒരു സ്വപ്നത്തിലെന്ന പോലെ അയാളുടെ കുട താഴേക്ക് വീണു... അയാള്‍ അത് ശ്രദ്ധിക്കാതെ ബാഗും തൂക്കി ധൃതിയില്‍ നടക്കുകയാണ്... കഷ്ടിച്ച് നാല് ചുവടുകള്‍... വൃദ്ധന്‍ കുഴഞ്ഞു വീണു. അയാളുടെ കണ്ണുകള്‍ തുറിച്ചു തുറിച്ചു വന്നു... അയാള്‍ മരിച്ചിരിക്കുന്നു.  ഒരുപാട് ആളുകള്‍ വൃദ്ധന് ചുറ്റം കൂടി. പച്ചനിറം മൂടിയ ആ സുന്ദരി തന്റെ തൊട്ടടുത്ത് നില്‍ക്കുന്നു...
മരണത്തിന്റെ ഞെട്ടലില്‍ നിന്നും സൌന്ദര്യത്തിന്റെ വിഭ്രാന്തിയിലേക്ക്!!!
ഒരു നമ്പര്‍ ഇറക്കാന്‍ തന്നെ തീരുമാനിച്ചു.
"മേഡം... ഡോക്ടര്‍ ആണോ??"
മരണത്തിന്റെ മരവിപ്പില്‍ നിന്നും രക്ഷപെടാന്‍ അവരും കാത്തിരിക്കയാണെന്ന് തോന്നി...
"അല്ല...ഹൌസ് വൈഫ്‌ ആണ്..", മറുപടി പറയുന്നതിനിടെ അവര്‍ വിഷയം മാറ്റി.:" അയ്യോ..എന്‍റെ മോന്‍ എവിടെ??" എന്ന് പറഞ്ഞു അവര്‍ നടന്നു തുടങ്ങി. പിന്നാലെ രണ്ജിയും...! ചെക്കന്‍ ആ കസേരയില്‍ തന്നെ ഇരിപ്പുണ്ട്.. രഞ്ജി അവന്റെ തൊട്ടടുത്ത കസേരയില്‍ ഇരുന്നു. ആ സ്ത്രീയും.
"ഏത് വണ്ടിക്കാണ്‌??" അവര്‍ ചോദിച്ചു.
"മലബാര്‍..പതിനൊന്നു മണി കഴിഞ്ഞേ വരൂ", എന്തിനും ഏതിനും ഇഷ്ടം പോലെ സമയമുണ്ടെന്ന ഭാവത്തില്‍ രഞ്ജി മറുപടി പറഞ്ഞു.
"പേരെന്താണ്??", വായിലൂറിയ വെള്ളം അകത്തേക്ക് ഇറക്കി രഞ്ജി ചോദിച്ചു.
"അവന്‍ ചിക്കു.... ഞാന്‍ ദേവകുമാരി...", അവര്‍ പറഞ്ഞു.
അവര്‍ ചോദിക്കും മുമ്പ് രഞ്ജി പറഞ്ഞു,"ഞാന്‍ രഞ്ജി...". മുഴുമിപ്പിക്കും മുമ്പ് നീല ജീന്‍സ് ഇട്ട ഒരാള്‍ അവരുടെ അടുത്ത് വന്നു ചെവിയില്‍ എന്തോ മന്ത്രിച്ചു. അയാള്‍ പെട്ടെന്ന് പോയി.
ദേവകുമാരി രണ്ജിയുടെ നേരെ തിരിഞ്ഞു,"രഞ്ജി ... ഒരുപകാരം ചെയ്യാമോ?"
ഇതെന്തു ചോദ്യമാണ് എന്‍റെ ദേവൂ...നിന്റെ അടിപ്പാവാട വരെ ഞാന്‍ അലക്കിതരില്ലേ? എന്നൊക്കെ മനസ്സില്‍ പറഞ്ഞു,"പറഞ്ഞോളൂ " എന്ന് മാത്രം മറുപടി കൊടുത്തു!
"എനിക്ക് അത്യാവശ്യമായി കച്ചേരിപ്പടി വരെ പോവണം.... ഞാന്‍ വരുന്നത് വരെ മോനെ ഒന്ന് നോക്കിക്കൊള്ളാമോ???... വളരെ അത്യാവശ്യമായത് കൊണ്ടാണ്..", ദേവകുമാരി പറഞ്ഞു.
രഞ്ജി സമ്മതിച്ചു. നന്ദി പോലും പറയാതെ അവര്‍ പെട്ടെന്ന് പോയി.. പടിഞ്ഞാറന്‍ ചക്രവാളത്തില്‍ സൂര്യന്‍ നേരത്തേ അസ്തമിച്ചതും ഇരുട്ടുപരന്നതും രഞ്ജി അറിഞ്ഞു.
"മോന്റെ പേരെന്താ??", ഒരു താല്‍പര്യവുമില്ലാതെ രഞ്ജി ചോദിച്ചു.
"ചിക്കു"
"ഏത് ക്ലാസ്സിലാ??", അടുത്ത ചോദ്യം.
ചെക്കന്‍ തിരിച്ചൊരു ചോദ്യം,"മാമന് ഏത് വണ്ടിക്കാ പോണ്ടേ?"
അത് തന്നെ ഇരുത്തി ചോദിച്ചതല്ലേ എന്ന് രണ്ജിക്ക് തോന്നി."മലബാറിന്", രഞ്ജി പറഞ്ഞു.
'മോന്‍ എവിടെക്കാ??", രഞ്ജി ബിദ്ധിപൂര്‍വം ചോദിച്ചു.
"ഞങ്ങക്കെവിടെം പോണ്ടാ.",രഞ്ജി ഞെട്ടി. അപ്പോഴാണ് അവന്റെ കൈയിലെ സ്കൂള്‍ ബാഗ്‌ ശ്രദ്ധിച്ചത്.
"പിന്നെന്തിനാ ഇവിടെ വന്നെ??"
"അമ്മയ്ക്കിവിടെയാ ജോലി... നൈറ്റ്‌ ഡ്യൂട്ടി ", ബാഗ്‌ തുറന്നു ഒരു നോട്ട് ബുക്ക്‌ എടുക്കുന്നതിനിടയില്‍ ചിക്കു പറഞ്ഞു. അത് കേട്ടപ്പോ രണ്ജിക്ക് സമാധാനമായി!
ആശ്വാസം മറച്ചു വെച്ച് അയാള്‍ ചോദിച്ചു,"അച്ഛന്‍??"
"മരിച്ചു പോയി.", രണ്ജിക്ക് സന്തോഷം കൊണ്ട് തുള്ളിച്ചാടാന്‍ തോന്നി!!!
"മോന്റെ വീട് എവിടെയാ??", രഞ്ജി സൂത്രത്തില്‍ ചോദിച്ചു.
"ഞങ്ങള്‍ക്ക് വീടില്ല മാമാ, രാത്രി ഇവിടെയാ താമസം."
"മോന്‍ പഠിച്ചോളൂ", രഞ്ജി പതിയെ പറഞ്ഞു.
പയ്യന്‍ പുസ്തകം തുറന്നു. ബ്രൌണ്‍ പൊതിയിട്ട ഒരു നോട്ബുക്ക്...സചിന്‍ടെന്‍ടുല്കരുടെ ചിത്രമുള്ള സ്ടിക്കെരില്‍ "ഗണിതം" എന്നെഴുതിയിരുന്നു. അതിന്റെ ഏറ്റവും പിറകിലെ പേജ് എടുത്തു. അവിടെ നൂറിന്റെ ചില നോട്ടുകള്‍!
സംശയത്തോടെ രണ്ജിയെ ഒന്ന് നോക്കിയ ശേഷം  പയ്യന്‍ എണ്ണി.."നൂറു, ഇരുന്നൂറ്, പത്ത്, പത്ത്, ഇരുപത്, ഇരുപത് ", പിന്നെ കീശയില്‍ നിന്നും ചില്ലറകള്‍ എടുത്തു,"രണ്ട്, രണ്ട്, ഒന്ന്, ഒന്ന്.... ഇരുന്നൂട്ടരുപത്തി ആറ്."... എന്നിട്ട് പുസ്തകത്തിന്റെ ചട്ടയില്‍ "266" എന്നെഴുതി. അതിന്റെ മുകളിലുള്ള പഴയ കണക്കുകള്‍ വെട്ടി., പുസ്തകം മടക്കി വെച്ചു.
ദേവകുമാരി ഇതുവരെ മടങ്ങി വന്നില്ല,"മോന്റെ അമ്മ എന്താ വരാത്തെ??", രഞ്ജി ചോദിച്ചു.
"അമ്മക്ക് ജോലിത്തിരക്കായത് കൊണ്ടാ, മാമന്‍ പേടിക്കണ്ട... മാമന്റെ വണ്ടി വന്നാ മാമന്‍ പൊയ്കോ"
മലബാര്‍ എക്സ്പ്രസ്സ്‌ വരാന്‍ ഇനി പത്ത് മിനിറ്റ് മാത്രം....
എവിടെനിന്നെന്നറിയില്ല ദേവകുമാരി ഓടി എത്തി.
അവര്‍ വിയര്‍ത്ത്‌ കിതക്കുന്നുണ്ടായിരുന്നു... ചുണ്ടുകളില്‍ ചോര കല്ലിച്ചിരുന്നു.....
"സോറി..രഞ്ജി, ഞാന്‍ ലേറ്റ് ആയിപ്പോയി.വളരെ നന്ദിയുണ്ട്", അവര്‍ അല്പം മാറി നിന്നു നൂറിന്റെ ചില നോട്ടുകള്‍ പയ്യന്റെ കൈയ്യില്‍ കൊടുത്തു. പയ്യന്‍ അത് എണ്ണി നോക്കി കണക്ക് പുസ്തകത്തിന്റെ പിറകില്‍ മടക്കി വെച്ചു.
"നമ്മളും പൈസക്കാരാകും, അല്ലെ അമ്മെ??", പയ്യന്റെ ശബ്ദം മലബാര്‍ എക്സ്പ്രസ്സിന്റെ ചൂളം വിളിയില്‍ ചിതറിതെറിക്കവേ രഞ്ജി എണീറ്റ്‌ നടന്നു.

Tuesday, November 16, 2010

പ്രൊഫസര്‍ രാമന്‍കുട്ടി സാറിന്റെ അറ്റംട്ടുകള്‍ !പ്രൊഫസര്‍ രാമന്‍കുട്ടി സാര്‍ വിരമിക്കാന്‍ ഇനി കഷ്ടിച്ചു മൂന്നു മാസമേയുള്ളൂ. മാര്‍ച്ച്‌ മുപ്പത്തൊന്നാം നാള്‍ സര്‍വീസ് രെജിസ്റ്ററില്‍ തന്റെ ചിത ഒരുങ്ങും. മുപ്പത്തഞ്ചു  വര്‍ഷങ്ങള്‍ നീണ്ട അദ്ധ്യാപന ജീവിതത്തില്‍ താന്‍ പഠിപ്പിച്ചിട്ടില്ലാത്ത കോളേജുകള്‍ ഇല്ല. വിക്ടോറിയയും മഹാരാജാസും യുനിവേര്സിടി കോളേജും ബ്രെണ്ണന്‍ കോളേജും അതില്‍ ചിലത് മാത്രം.
ആയിരത്തി എണ്ണൂറ്റി അറുപത്തഞ്ചു ശിഷ്യഗണങ്ങള്‍...

ആശാനും ഉള്ളൂരും കുഞ്ഞിരാമന്‍ നായരും തൊട്ടു ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ വരെ കവിതകള്‍   എണ്ണൂറ്റിയൊന്നു തവണ ഹൃദിസ്ഥമാക്കി പഠിപ്പിച്ചു. അതും പോരാഞ്ഞ് സ്വന്തമായി അറുപത്തിരണ്ടു കവിതകളും എഴുതി. അവ രണ്ടു പുസ്തകങ്ങളാക്കി സീ ഡീ ബുക്സ് പ്രസിദ്ധീകരിച്ചു.
സര്‍ഗ സദസ്സുകളില്‍ കവിത അവതരിപ്പിച്ചു. ഈ സര്‍ഗ സദസ്സെന്ന് പറഞ്ഞാല്‍ എട്ടു പേര് കാണും. പുസ്തക കടയിലെ ബിനോയി, പപ്പു മാഷ്‌, പഴയ സ്കൂളിലെ പരമു നായര്‍, സില്‍ബന്തി ഇസ്മായില്‍, പഴയ ബാര്‍ബര്‍ ജോസപ്പ്, ഇങ്ങനെ പ്രത്യേകിച്ചു പണിയൊന്നുമില്ലാതെ സായാഹ്നങ്ങള്‍ ആസ്വദിക്കുന്നവര്‍.
എല്ലാവര്ക്കും പ്രൊഫസര്‍ രാമന്‍കുട്ടി സാറിനെ വലിയ കാര്യമാണ്. ഓരോ കവിത ചൊല്ലി തീരുമ്പോഴും അവര്‍ നിര്‍ത്താതെ കയ്യടിക്കും, ഭലേ ഭേഷ് എന്ന് പറഞ്ഞു പ്രോത്സാഹിപ്പിക്കും. പക്ഷെ ഈ കയ്യടിയുടെയും ഭേഷിന്റെയും പ്രഭവസ്ഥാനം പിറകെ വരുന്ന മുട്ട പപ്സും  ചായയുമാണെന്ന് വൈകാതെ രാമന്‍കുട്ടി സാര്‍ മനസ്സിലാക്കി.

തനിക്കു മുന്നേ ഇവിടെ പഠിപ്പിച്ച  ഓ.എന്‍.വി കുറുപ്പിന് ജ്ഞാനപീഠം. ലീലാവതി ടീച്ചര്‍ക്ക് എഴുത്തച്ച്ചന്‍ പുരസ്കാരം. തനിക്കു മാത്രം പറയാന്‍, വിറ്റഴിയാതെ കെട്ടിക്കിടക്കുന്ന രണ്ടു കവിതാ പുസ്തകങ്ങള്‍.- "രജനി"യും "രക്തം മുറ്റിയ കവിതകളും". കുമാരനാശാന്റെ "നളിനി" വായിച്ചു ഹരം പൂണ്ടാണ്‌ "രജനി " എഴുതി തീര്‍ത്തത്. അതൊന്നു സീ ഡീ ബുക്സിനെ കൊണ്ട് പ്രസിദ്ധീകരിപ്പിക്കാന്‍ പെട്ട പാട്! അവര്‍ക്ക് ഇത്തരം കവിതയൊന്നും വേണ്ട, മാര്‍ക്കറ്റ്‌ ഇല്ല എന്നൊക്കെ.. അവസാനം പത്തരുപതിനായിരം രൂപാ സ്വന്തം കയ്യില്‍നിന്നു ചെലവാക്കി അത് പുറത്തിറക്കി. പിന്നൊരിക്കല്‍ ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ കവിതകള്‍ വായിച്ച ലഹരിയിലാണ് "രക്തം മുറ്റിയ കവിതകള്‍" എഴുതി പ്രസിദ്ധീകരിപ്പിച്ച്ച്ചത്. അതിനു എഴുപത്തയ്യായിരം ചെലവായി.


വിചാരിച്ചപോലെ പുസ്തകങ്ങള്‍ രണ്ടും വിറ്റുപോയില്ല എന്നുമാത്രമല്ല, വിചാരിക്കാത്ത പോലെ  ഇവിടെ കെട്ടി കിടന്നു ചിതലരിക്കാനും തുടങ്ങിയപ്പോഴാണ് കാണാന്‍ വരുന്ന ശിഷ്യര്‍ക്കൊക്കെ കവിതാപുസ്തകം "ഓതെര്‍സ് കോപ്പി" എന്ന സീലും വെച്ച് പടവലങ്ങ വലിപ്പത്തില്‍ ഒരു ഒപ്പും ചാര്‍ത്തി, വിശാലമാനസ്കനെന്ന ഭാവേന വിതരണം ചെയ്തു തുടങ്ങിയത്.


ആയിടയ്ക്ക് മുനിസിപ്പല്‍  ബസ്‌ സ്ടാണ്ടിലെ തെണ്ടിച്ചി പശുക്കള്‍ ചവച്ചു തിന്നുന്നത് തന്റെ പുസ്തകമല്ലേ എന്ന് രാമന്‍കുട്ടി സാറിനു തോന്നി. പശുക്കളുടെ പിന്നാലെ ഒരു ഗംഭീര ചയ്സ് നടത്തിയാണ് അവറ്റകളുടെ വായില്‍ നിന്ന് രജനിയുടെ ഒരു കോപ്പി വലിച്ച് പുറത്തെടുത്തത്. ദേഷ്യത്തോടെ തുറന്നു നോക്കിയപ്പോ ഇങ്ങനെ കണ്ടു,"അരുമ ശിഷ്യന്‍ വിസ്മേഷിനു....സ്വന്തം രാമന്‍കുട്ടി സാര്‍".
"എടാ വിസ്മേഷേ, നീ ഒരു കാലത്തും നന്നാവില്ലെടാ..നിന്റെ ആസനത്തില്‍ ശൂലം തറയ്ക്കട്ടെ " എന്നൊരു നെടുനീളന്‍ ശാപവും കാച്ചി.
അന്നത്തോടെ പുസ്തക വിതരണം അവസാനിപ്പിച്ചു.


റിട്ടയര്‍ ചെയ്യാന്‍ ഇനി തൊണ്ണൂറു ദിവസങ്ങള്‍ മാത്രമേയുള്ളൂ. എന്തെങ്കിലും ചെയ്തു ശ്രദ്ധേയനാവണം എന്നൊരു ചിന്ത മനസ്സില്‍ വന്നുകൂടിയിട്ടു രണ്ടു ദിവസമേ ആയിട്ടുള്ളൂ. എന്തെങ്കിലും ഒരു പ്രക്ഷോഭത്തിന് നേതൃത്വം കൊടുക്കണം. അങ്ങനെയാണ് കാസര്‍ക്കൊട്ടെക്ക് വെച്ച് പിടിച്ചത്. എന്‍ഡോ സള്‍ഫാന്‍ ആണല്ലോ താരം. കേന്ദ്ര മന്ത്രിയെ വിമര്‍ശിക്കണം. ശബ്ദ താരാവലി വായിച്ചു നോക്കി പത്തു മുപ്പത്തിരണ്ട് യമണ്ടന്‍ വാക്കുകള്‍ ഹൃദിസ്ഥമാക്കിയാണ് പോയത്.
ചെന്നപ്പോഴാണ്, തന്നെക്കാള്‍ പോന്ന സൈസ്  ഗഡികള്‍ വേദിയില്‍ നിരന്നിരിക്കുന്നു. ശബ്ദ താരാവലി അരച്ചുകുടിച്ച ശേഷം, ഒക്സ്ഫോര്‍ഡും തെസോറസും ചര്‍ദിക്കുന്ന കാഴ്ച കണ്ടു വാ പൊളിച്ചിരുന്നു പ്രൊഫസര്‍ രാമന്‍കുട്ടി സാര്‍!


വൈകിട്ട് വീട്ടിലെത്തിയപ്പോഴാണ് ഭാര്യ മേടിച്ചുവെച്ച സ്പീഡ് പോസ്റ്റ്‌ കവര്‍ കണ്ടത്. കേരള യുനിവേര്സിടിക്ക്  ബിരുദ പരീക്ഷാ ചോദ്യപേപ്പര്‍ തയാറാക്കണം. ഉടന്‍, രാമന്കുട്ടിസാരിന്റെ മസ്തിഷ്കത്തില്‍ ഒരു നൂറ്റിപ്പത്തിന്റെ ബള്‍ബ്‌ മിന്നി! അതിന്റെ വെട്ടത്തില്‍ സാര്‍ വായിച്ചു."മുഹമ്മദ്‌...പടച്ചോന്‍...നായിന്റ  മോന്‍ ...കൈപ്പത്തി വെട്ടു...സസ്പെന്‍ഷന്‍...ഡിസ്മിസ്സല്‍.."
പിന്നീടൊരു ഒന്നൊന്നര മണിക്കൂര്‍ കൊണ്ട് ചോദ്യപേപ്പര്‍ റെടി!... മുറ്റ്!! കിടിലന്‍!!! രാമന്കുട്ടിസാര്‍  മനസ്സില്‍ പറഞ്ഞു.
അടുത്ത ദിവസങ്ങളില്‍ കേരളവും മലയാളികളും തന്നെ കുറിച്ചു, തന്റെ ചോദ്യങ്ങളെ കുറിച്ചു മാത്രമേ സംസാരിക്കൂ.
വികേഷ് കുമാര്‍ തന്നെ ഇന്റര്‍വ്യൂ ചെയ്യും.
ജോസ് ബ്രിട്ടൂസ് തന്നെ ഇന്റര്‍വ്യൂ ചെയ്യും.
കേരളം മുഴുവന്‍ ... താന്‍ നിറയും... താന്‍ താന്‍ താന്‍.
വാര്‍ത്തകളില്‍ നിറയുന്ന പ്രൊഫസര്‍ രാമന്‍കുട്ടി സാര്‍...
പിറ്റേന്ന് രാവിലെ തന്നെ സ്പീഡ് പോസ്റ്റ്‌ അയച്ചു. ഇതുവരെ ഒരു ചോദ്യ പേപ്പറും സമയത്ത് താന്‍ അയച്ചിട്ടില്ല.


ആകാംക്ഷയുടെ അറുപതു ദിനരാത്രങ്ങള്‍ സെക്കണ്ട്- സെക്കണ്ടുകളായി പ്രൊഫസര്‍ രാമന്‍കുട്ടി സാര്‍ എണ്ണി തീര്‍ത്തു. അറുപത്തൊന്നാം ദിനം, അതായതു തന്റെ ചോദ്യത്തിന്റെ പരീക്ഷയുള്ള ദിനം, രാവിലെ തന്നെ കുളിച്ചു പതിവില്ലാത്തത്ര കളഭം പൂശി അമ്പലത്തിലേക്ക് പോയി. ഗയ്റ്റിനു അരികെ കുറെയധികം സമയം ചെലവഴിച്ചു.
ഒരു പക്ഷെ ഇപ്പോള്‍ അവര്‍ എത്തും.. ഒരു വെള്ള ഓംനി വാനില്‍... തന്റെ കൈപ്പത്തി വെട്ടിയെടുക്കും..
ഒരര മണിക്കൂര്‍ കഴിഞ്ഞുകാണും, ആരെയും കാണാതെ രാമന്‍കുട്ടി സാര്‍ അടുത്ത ചായപ്പീടികയില്‍ കയറി. നല്ല വിശപ്പുണ്ട്. ഇപ്പോ കൈ വെട്ടിയാല്‍ ശരിയാവില്ല. മാഷ് തലയിലൂടെ ഒരു ടവല്‍ ചുറ്റി. വേണ്ടുവോളം പുട്ടും പൊറോട്ടയും കഴിച്ചു പുറത്തിറങ്ങി. എന്നിറ്റ് ഒരൊന്നൊന്നര മണിക്കൂര്‍ ടൌണിലൂടെ സാവധാനം, ആര്‍ക്കും കൈപ്പത്തി വെട്ടാന്‍ പാകത്തില്‍ നടന്നു...
അവസാനം നട്ടുച്ച ആയി.
തലയില്‍ വീണ്ടും ടവല്‍ എടുത്തിട്ട്, പാരിസ് ഹോട്ടലില്‍ കയറി മുട്ട ബിരിയാണിയും പൊരിച്ച അയക്കൂറയും കഴിച്ചു. എന്നിട്ട് വീണ്ടും പുറത്തിറങ്ങി. ആര് വേണമെങ്കിലും കൈപ്പത്തി വെട്ടിക്കോ എന്ന മട്ടില്‍.
ഒടുവില്‍ സന്ധ്യയും വന്നെത്തി.
വെട്ടാന്‍ ഒരാളും വന്നില്ല. തന്നെ ആളുകള്‍ ഇത്രയേറെ ബഹുമാനിക്കുന്നു. ഹോ!
ഒടുവില്‍ പ്രൊഫസര്‍ രാമന്‍കുട്ടി സാര്‍ വീട്ടില്‍ മടങ്ങിയെത്തി.
ദേ കിടക്കുന്നു അടുത്ത സ്പീഡ് പോസ്റ്റ്‌!
"പ്രൊഫസര്‍ രാമന്‍കുട്ടി, താങ്കളുടെ ചോദ്യങ്ങള്‍ സ്വീകരിക്കാന്‍ നിര്‍വ്വാഹമില്ല... എന്ന് സ്വന്തം യൂനിവേര്‍സിറ്റി."
വിരമിക്കാന്‍ ഇനി ഇരുപതോമ്പത് ദിവസമേ ഉള്ളൂ. ഉത്തരം കിട്ടാത്ത ചോദ്യങ്ങളുമായി പ്രൊഫസര്‍ രാമന്‍കുട്ടി സാര്‍ അടുത്ത തന്ത്രത്തിനായുള്ള ചിന്തയില്‍ മുഴുകി. .
Tuesday, November 2, 2010

കഥാപാത്രംപാങ്ങപ്പാറയിലെ ഓരോ വീട്ടുകാരും ഗണേശനെ ഭയപ്പെട്ടു. അയാളെ കാണുമ്പോള്‍ത്തന്നെ പലരും ഓടിയൊളിക്കും. പ്രഭാതങ്ങളില്‍ പാങ്ങപ്പാറയിലെ ഏതൊരു വീടിനു മുന്നിലും അയാള്‍ വന്നെത്താം. മുന്‍ വാതില്‍ തുറക്കാന്‍ തന്നെ എല്ലാവര്ക്കും പേടിയാണ്.
രാവിലെ എട്ടുമണിക്കുള്ളില്‍ എപ്പോള്‍ വേണമെങ്കിലും അയാള്‍ വന്നുകയറും. 
വലതുകൈയ്യില്‍ മൂര്‍ച്ചയേറിയ ഒരു കത്തിയുമുണ്ടാകും. ഇടതു കൈയ്യില്‍ തലേ ദിവസം രാത്രി അയാള്‍ ഉറക്കമിളച്ച് എഴുതി തീര്‍ത്ത ഒരു കഥയും ഉണ്ടാകും. പത്തോ പതിനഞ്ചോ പേജുകള്‍ വരും.
വാതില്‍ തുറക്കുന്ന ഗൃഹനാഥന്റെയോ ഗൃഹനാഥയുടെയോ കഴുത്തില്‍ അയാള്‍ കത്തി ചേര്‍ത്ത് പിടിക്കും. പിന്നെ ഒരിടത്ത്‌ മിണ്ടാതെ ഇരുന്നു കഥ വായിച്ചു കൊള്ളണം. വായിച്ചാ മാത്രം പോര . വിമര്‍ശിക്കുകയും വേണം. അയാള്‍ക്ക്‌ പത്ത് ശതമാനം ഭ്രാന്തെന്നാണ് പറയപ്പെടുന്നത്‌. അയാളെക്കൊണ്ട് മറ്റു ഉപദ്രവങ്ങളൊന്നും ഉണ്ടായിരുന്നില്ല. എന്ന് തീരത്ത് പറയാന്‍ ആവില്ല . രാവിലെ വിരിയുന്ന പൂക്കളൊക്കെ അയാള്‍ ഭീഷണിപ്പെടുത്തി പറിച്ചു കൊണ്ടുപോവും  . എട്ടു മണി കഴിഞ്ഞാല്‍ അയാള്‍ എങ്ങോട്ടോ പോയ്മറയുന്നു. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി ഗണേശന്‍ പാങ്ങപ്പാറയുടെ ഭാഗമാണ്.
ശ്രീകാര്യം പോലിസ് സ്റ്റേഷന്‍ലെ എസ്സൈ ജേക്കബ്‌ ജോഹ്നിന്റെ വീട്ടില്‍ നിന്ന് പോലും അയാള്‍ പൂക്കള്‍ പറിക്കും.
മഞ്ഞുമൂടിയ ഒരു ഡിസംബറില്‍ കോളാമ്പി പൂക്കള്‍ പറിച്ച ശേഷം തുണിസഞ്ചിയിലാക്കി  പോകാനൊരുങ്ങുമ്പോള്‍ ഗണേശന്‍ നിശ്ചലനായി നിന്നുപോയി. 
തൊട്ടുപിറകില്‍ എസ്സൈ ജേക്കബ്‌ ജോണ്‍ നില്‍പ്പുണ്ട്. ഗണേശന്‍ ഒന്നും മിണ്ടാതെ പോകാനൊരുങ്ങിയപ്പോള്‍ എസ്സൈ തടഞ്ഞു. മുഖമടച്ച്ചുഒരൊറ്റ അടി. ഗണേശന്‍ പുകഞ്ഞു പോയി. പിന്നീടൊരു ദിവസം ലോക്ക് അപ്പില്‍. അയാളുടെ എല്ലുകള്‍ ചിലതൊക്കെ പൊട്ടി.   മുഖത്താകെ രക്തം കല്ലിച്ച്ചുനിന്നു.
പിന്നീട് കുറെ ദിവസത്തേക്ക് അയാളെ ആരും പാങ്ങപ്പാറയില്‍ കണ്ടില്ല. എല്ലാവര്ക്കും ആശ്വാസമായി. പക്ഷെ തന്റെ വീട്ടിലെ കോളാമ്പിപ്പൂക്കളും റോസാപ്പൂക്കളും ഇപ്പോഴും അപ്രത്യക്ഷമാവുന്നുന്ടെന്നു ജേക്കബ്‌ ജോണ്‍ ശ്രദ്ധിച്ചു. അതിരാവിലെ എപ്പോഴോ ഗണേശന്‍ വരുന്നുണ്ട്. കൈയ്യോടെ പിടിച്ചു രണ്ടു പൊട്ടിക്കണം.
അതിരാവിലെ ജേക്കബ്‌ ജോണ്‍ ഉറക്കമുണര്‍ന്നു. ഏതാണ്ട് അഞ്ച്മുക്കാല്‍ ആയിക്കാണും. ഇരുട്ടത്ത് ചെടികള്‍ക്കിടയില്‍ ഒരനക്കം. ജേക്കബ്‌ ജോണ്‍ കോളാമ്പി ചെടിയെ ലകഷ്യമാക്കി ശരവേഗം കുതിച്ചു. ഇത് അവന്‍ തന്നെ. അവിടെ എത്തി അയാള്‍ ഞെട്ടി. പൂക്കള്‍ പറിച്ചെടുത്തു ഗണേശന്‍ സ്ഥലം വിട്ടിരിക്കുന്നു. ഇന്നവനെ പിടിചില്ലെങ്ങില്‍ ശരിയാവില്ല. അയാള്‍ ബസ്‌ സ്റൊപ്പിലെക്ക് ഓടി. അപ്പോഴേക്കും ഒരു ബസ്‌ പോയിക്കഴിഞ്ഞിരുന്നു. ദൂരെ നിന്നും അയാള്‍ ബോര്‍ഡ്‌ വായിച്ചു . കണ്ണമ്മൂല വഴി തമ്പാനൂര്‍. അയാള്‍ തിരിച്ചോടി. കാര്‍ എടുത്തു അതിവേഗം ഓടിച്ചു. അയാള്‍ ബസ്സിന്റെ തൊട്ടുപിറകില്‍ എത്തി. ഈ ബസ്സില്‍ വെച്ച് വേണ്ട. അവന്‍ പുറത്തേക്ക് ഇറങ്ങട്ടെ .
അയാള്‍ കാറിന്റെ വേഗം കുറച്ചു.
പാറ്റൂര്‍ജങ്ക്ഷനില്‍ ഗണേശന്‍ ഇറങ്ങുന്നത് ജോണ്‍ ജേക്കബ്‌ കാറിലിരുന്നു കണ്ടു. അയാള്‍ പുറത്തിറങ്ങി. അതിവേഗത്തിലാണ് ഗണേശന്റെ നടപ്പ്. അവിടെയൊക്കെ കുറെ സര്‍ക്കാര്‍ ഓഫീസുകള്‍ ഉണ്ട്. അവിടെയൊന്നും അയാള്‍ കയറിയില്ല. പെട്ടെന്ന് അയാള്‍ കാഴ്ച്ചയില്‍ നിന്നും മറഞ്ഞു. ജേക്കബ്‌ ജോണ്‍ ഓടാന്‍ തുടങ്ങി.
അല്പം കഴിഞ്ഞു കരി നീല പെയിന്റടിച്ച ഒരു ഗേറ്റ് കണ്ടു. അവിടെ അങ്ങിങ്ങായി മുകളിലേക്ക് ഉയര്‍ന്നു നില്‍ക്കുന്ന ശവ കുടീരങ്ങള്‍. 
ദൂരെ ഒരു കറുത്ത ഗ്രന്യ്റ്റ് കല്ലറയ്കടുത്തു ഗണേശന്‍. അയാള്‍ അവിടെ പൂക്കള്‍ വിതറുകയാണ്‌. റോസാപ്പൂക്കളും അങ്ങിങ്ങായി കോളാമ്പിപ്പൂക്കളും. നേര്‍ത്ത സൂര്യപ്രഭയില്‍ തിളങ്ങുന്ന കറുത്ത ഗ്രന്യ്ടിനെ അവ കൂടുതല്‍ മാസ്മരമാക്കി. 
ജേക്കബ്‌ ജോണ്‍ അടുത്ത് വന്നത് ഗണേശന്‍ അറിഞ്ഞില്ല.  അയാള്‍ കല്ലറയില്‍ തല ചായ്ച്ചു വിതുമ്പുകയാണ്. 
അരികെ നിശ്ചലനായി നിന്ന് കൊണ്ട് ജേക്കബ്‌ ജോണ്‍ കല്ലറയില്‍ എഴുതിയിരിക്കുന്നത് വായിച്ചു. 
സ്ടല്ല ജേക്കബ്‌ ജോണ്‍.
ജനനം 19. 03. 1981
മരണം 28.07.2007
തന്റെ മകള്‍ മരിച്ചിട്ട് മൂന്നു വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. അയാള്‍ നിശബ്ദനായി തിരിച്ചു നടന്നു..