Sunday, October 31, 2010

പ്രാര്‍ത്ഥനാ ജ്വാലകള്‍എന്നും രാജീവന്‍ ഉറക്കം ഉണരുമ്പോഴേക്കും വള്ളി ചേച്ചി അടുക്കളയില്‍ പാചകം തുടങ്ങിയിരിക്കും. പത്തുപേര്‍ താമസിക്കുന്ന വാടകവീട്ടിലെ  പാചകക്കാരിയാണ്   അവര്‍ . പൊക്കം കുറഞ്ഞു പല്ലുകള്‍ മുന്നിലേക്ക് ഉന്തിയ ഒരു സ്ത്രീ . മുന്‍ വരിയിലെ പല്ലുകള്‍ കൊഴിഞ്ഞിട്ടുമുണ്ട്. അരുപതിനോട്അടുത്ത പ്രായം.
ഏതാണ്ട് ഇതേ സമയത്താണ് ആണ്ട്രൂ പ്രാര്‍ത്ഥിക്കാന്‍ പോവുന്നത്. അവന്‍ തികഞ്ഞ ഒരു ക്രിസ്തുമത വിശ്വാസിയാണ്. എന്നും പള്ളിയില്‍ പോവും. മതിവരുവോളം പ്രാര്‍ത്ഥിക്കും. ആണ്ട്രയൂവിന്റെ ജീവിതത്തിലെ തൊണ്ണൂറ്റി ഒന്‍പത് ശതമാനവും ദൈവത്തിനായി നീക്കിവച്ചിരിക്കുന്നു.
ആഴ്ചയിലെ ഓരോ ദിവസവും ആണ്ട്രൂ ഓരോ പള്ളിയിലേക്ക് പോവും. നാട്ടിലെ സകല പള്ളികളിലും അവന്റെ പ്രാര്‍ത്ഥനാ പുഷ്പങ്ങള്‍ വിരിയും. തിരിച്ചു വന്നു അയാള്‍ നിശബ്ദനായി ബൈബിള്‍ വായിക്കും. അപ്പോഴേക്കും അടുക്കളയില്‍ വള്ളിചേച്ചിയുടെ പാചകവും തീര്‍ന്നിരിക്കും.
അവിശ്വാസിയായ  രാജീവന് അയാളോട് അസൂയ തോന്നി. എങ്ങനെ ഇയാള്‍ക്ക് ദൈവത്തെ ഇത്രമേല്‍ സ്നേഹിക്കാന്‍ കഴിയുന്നു? പത്തു വര്ഷം നീണ്ട നരകയാതനകളിലും കരകാണാകടല്‍ പോലെയുള്ള ജീവിതത്തിലും രാജീവന്‍ ദൈവത്തെ കണ്ടിട്ടില്ല. കാണണമെന്ന് ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട്. ഒരിക്കല്‍ പോലും ദൈവം വന്നില്ല. ഉണ്ടെങ്ങിലല്ലേ വരാന്‍ഒക്കൂ എന്നാശ്വസിച്ചു. അങ്ങനെ എപ്പോഴോ അത്തരം കാത്തിരിപ്പുകള്‍ അവസാനിച്ചു. 
എന്നും രാവിലെ ആണ്ട്രൂ പള്ളിയില്‍ പോവുമ്പോഴൊക്കെ രാജീവന്‍ വല്ലാതെ ദുഖിച്ചു. തനിക്കു മാത്രം ദൈവത്തെ സ്നേഹിക്കാനാവുന്നില്ലല്ലോ. അത്തരം വേദനകളില്‍ എപ്പോഴോ രാജീവനും ബൈബിള്‍ വായിച്ചുതുടങ്ങിയ ദിവസങ്ങളായിരുന്നു അത്.
"ഹൃദയം നുറുങ്ങിയവര്‍ക്ക് ദൈവം സമീപസ്ഥനാണ്" മിടിക്കുന്ന ഹൃദയവുമായി അയാള്‍ അത് വായിച്ചു. അദ്രിശ്യമായ ഒരു ഊര്‍ജ്ജം നിറയുന്നത് പോലെ..
ഇത്രയും നല്ല ദൈവിക സ്നേഹത്തിന്റെ വക്താവാണല്ലോ ആണ്ട്രൂ. വല്ലാത്ത ബഹുമാനം തോന്നി രാജീവന്.
വള്ളി ചേച്ചി അടുക്കളയില്‍ പാചകത്തിലാണ്. രാജീവന്‍ വായനയില്‍ മുഴുകിയിരിക്കെ ആണ്ട്രൂ മുറിയിലേക്ക് കയറി വന്നു. രാജീവനെ തന്റെ മുറിയില്‍ കണ്ടത് അയാള്‍ക് ഇഷ്ടമായില്ലെന്നു തോന്നുന്നു. അയാള്‍ കറുപ്പിച്ച്   ഒന്ന് നോക്കി. രാജീവന്‍ ബൈബിള്‍ സൂക്തങ്ങളില്‍ ലയിച്ചിരിക്കുകയാണ്.
"തന്നോട് ആര് പറഞ്ഞു ഈ മുറിയില്‍ കയറാന്‍?"
ചോദ്യം കേട്ട് രാജീവന്‍ വായന നിര്‍ത്തി. ക്ഷമ ചോദിച്ചു പുറത്തിറങ്ങി.
രാജീവന് വല്ലാതെ വേദനിച്ചു. ഈ വീട്ടില്‍ താന്‍ ഒരുപാട് ഇഷ്ടപ്പെടുന്ന ആളാണ് ആണ്ട്രൂ.
താന്‍ സ്നേഹിച്ച്ചവരോക്കെയും തന്നെ ഒരു കുഷ്ടരോഗിയെപ്പോലെ വെറുക്കുന്നു.അയാളുടെ ഹൃദയം പണ്ടേ നുറുങ്ങിപ്പോയിരുന്നു. എന്നിട്ടും അയാള്‍ ഇപ്പോഴും ജീവിക്കാന്‍ ശ്രമിക്കുന്നു.
ആരെങ്കിലും മുരിപ്പെടുത്തുംപോള്‍ കരിഞ്ഞ വ്രണങ്ങള്‍ വീണ്ടും പഴുത്തു വരും . നെഞ്ഞിലാകെ പുഴുക്കള്‍ നിറയും.നുരിക്കുന്ന പുഴുക്കള്‍ അസഹ്യമായ വേദന ഉണ്ടാക്കും.അപ്പോള്‍ രാജീവന്‍ മിണ്ടാതെ കിടന്നുറങ്ങും. ഉറക്കത്തില്‍ സ്വപ്നങ്ങളെങ്കിലും കൂട്ടിനുണ്ടാവുമല്ലോ. ഉണരുമ്പോള്‍ അയാള്‍ എല്ലാം മറക്കും.
അന്ന് രാത്രി പക്ഷെ അയാള്‍ ഉറക്കത്തില്‍ ഞെട്ടി എഴുന്നേറ്റു. വല്ലാത്ത ദാഹം തോന്നുന്നു.
തിളപ്പിച്ചാറ്റിയ വെള്ളം മേശപ്പുറത് വച്ചിട്ടാണ് എന്നും വള്ളി ചേച്ചി വൈകിട്ട് മടങ്ങുന്നത്. ഇന്ന്  പക്ഷെ വള്ളി ചേച്ചി പതിവ് തെറ്റിച്ചിരിക്കുന്നു. മേശപ്പുറത്തെ പാത്രത്തില്‍ ഒരുതുള്ളി വെള്ളമില്ല.മറന്നു പോയതായിരിക്കാം. 
വെള്ളം വലിയൊരു കുപ്പിയില്‍ ശേഖരിച്ചു വെക്കുന്ന പതിവുണ്ട് അന്ട്രൂവിനു. ഒരു ദിവസം അയാള്‍ പത്തുപതിനഞ്ചു ലിറ്റര്‍ വെള്ളം കുടിക്കും. കുറെ നേരം മൂത്രമൊഴിക്കാന്‍ വേണ്ടിയും അയാള്‍ സമയം കണ്ടെത്താറുണ്ട്.
അന്ട്രൂവിന്റെ മുറിയില്‍ അപ്പോഴും വെളിച്ചമുണ്ട്.
രാവിലത്തെ സംഭവം ഓര്‍ത്തപ്പോള്‍ രാജീവന് മടി തോന്നി.
തൊണ്ട വല്ലാതെ വരളുന്നു. അറിയാതെ അയാള്‍ കതകില്‍ മുട്ടി.
കതക് തുറക്കപ്പെട്ടു. കൈയ്യില്‍ ബൈബിള്‍ പിടിച്ചു ആണ്ട്രൂ പുറത്തിറങ്ങി.
"വല്ലാതെ ദാഹിക്കുന്നു. കുറച്ചു വള്ളം വേണം "
"അത് തരാന്‍ ഒക്കില്ല . എനിക്ക് പ്രാര്‍ത്ഥന കഴിഞ്ഞു കുടിക്കാനുള്ളതാണ്"
ആണ്ട്രൂ കതക് അടച്ചു.
"നായിന്റ മോന്‍." രാജീവന്‍ മനസ്സില്‍ പറഞ്ഞു.
ടോന്‍സിലിട്ടിസ് ഉള്ളത് കാരണം പച്ചവെള്ളം കുടിച്ചാല്‍ ശരിയാവില്ല. തിളപ്പിച്ച്‌ കുടിക്കാം. കിണറ്റില്‍ നിന്ന് കോരിയ വെള്ളത്തില്‍ ചില കൂത്താടികള്‍ പുളഞ്ഞു നീന്തുന്നുണ്ടായിരുന്നു. തുണി വെച്ചു അരിച്ചു.
ജാംബവാന്റെ കാലത്തെ ഗ്യാസ് അടുപ്പാണ്. ഒന്നാമത്തെ അടുപ്പില്‍ വെച്ച് തീപ്പെട്ടി ഉരച്ചു.
"ഭും."
ഉഗ്ര ശബ്ദത്തോടെ അത് കത്തി.ഉടനെ തന്നെ കെടുത്തി. രണ്ടാമത്തെ അടുപ്പില്‍ തീ കൊളുത്തി. അത് സൌമ്യമായി ജ്വലിച്ചു. അഞ്ചു മിനിട്ടിനകം വെള്ളം ചൂടായി. ദാഹം മ
തീരുവോളം കുടിച്ചു. സമാധാനമായി കിടന്നുറങ്ങി.
അപകടം ഉറക്കത്തിലും പിന്തുടരും.
ഒന്നാമത്തെ അടുപ്പ് വള്ളി ചേച്ചി ഉപയോഗിക്കാറില്ല. അതിനു ലീക്ക് ഉണ്ട്. രാജീവന് ഇതൊന്നും അറിയില്ലായിരുന്നു.
അപകടങ്ങള്‍ക്ക് ക്ഷണക്കത്ത് ആവശ്യമില്ല.
നേരം പുലര്‍ന്നു.
രാജീവന്‍ നല്ല ഉറക്കമാണ്. ആണ്ട്രൂ പള്ളിയിലും.
വള്ളി ചേച്ചി  വന്നു തീപ്പെട്ടീ ഉരച്ചു. അഞ്ചു മിനിട്ടിലധികം ജീവനോടെ തീനാളം.
കരിഞ്ഞ മാംസത്തിന്റെ രൂക്ഷഗന്ധം രാജീവനെ ഉണര്‍ത്തി.
വള്ളി ചേച്ചി മരിച്ചെന്നു വിശ്വസിക്കാനാവുന്നില്ല. താനാണ് എല്ലാത്തിനും കാരണം. നശിച്ച ജന്മം.
അപ്പോഴും..
അകലെ ഏതോ പള്ളിയില്‍ ജപമാല ചൊല്ലുകയായിരുന്നു ആണ്ട്രൂ.